കൊച്ചി ∙ ഉത്തരേന്ത്യയിലുണ്ടായ ഭൂചലനത്തിന്റെ ചലനങ്ങൾ കൊച്ചിയിലും. ഇന്നലെ ഉച്ചയ്ക്ക് 2.45 നു കലൂരിലെ മിനി മുത്തൂറ്റ് ടവറിലാണു പ്രകമ്പനം അനുഭവപ്പെട്ടത്. 22 നിലകളുള്ള കെട്ടിടത്തിലെ പത്താം നിലയ്ക്കു മുകളിലുള്ളവർക്കാണു വിറയൽ തോന്നിയത്. കെട്ടിടത്തിലുണ്ടായിരുന്നവർ ഉടനെ പുറത്തിറങ്ങി. ഇടവിട്ടു മൂന്നു ചലനങ്ങൾ ഉണ്ടായെന്ന് ഇവർ പറഞ്ഞു.
ചിലർക്കു തലകറക്കം അനുഭവപ്പെട്ടു. ഇതുപോലെയുള്ള ചലനങ്ങൾ നേരത്തെയുണ്ടായിട്ടുള്ളതിനാൽ സുരക്ഷാ നിർദേശം പാലിച്ച് ലിഫ്റ്റ് ഉപയോഗിക്കാതെ കോണിപ്പടി ഇറങ്ങിയാണ് എല്ലാവരും താഴെയെത്തിയത്. കുറച്ചു നേരം താഴെ നിന്ന ശേഷം കെട്ടിടത്തിലേക്കു മടങ്ങി. നാശനഷ്ടങ്ങൾ ഒന്നുമില്ല. ഉത്തരേന്ത്യയിൽ ഭൂകമ്പം ഉണ്ടായപ്പോൾ നേരത്തെയും കൊച്ചിയിൽ തുടർ ചലനങ്ങളുണ്ടായിരുന്നു. എന്നാൽ കൊച്ചിയിലെ മറ്റ് ഇടങ്ങളിലൊന്നും ചലനങ്ങൾ അനുഭവപ്പെട്ടതായി റിപ്പോർട്ടില്ല.
പൊലീസ്, അഗ്‌നിശമന സേനാ വിഭാഗങ്ങൾക്കും ഇതു സംബന്ധിച്ച സന്ദേശങ്ങൾ എത്തിയില്ല. കഴിഞ്ഞ തവണ ഭൂചലനം ഉണ്ടായപ്പോൾ വലിയ ചലനം ഉണ്ടായ പനമ്പിള്ളി നഗറിലെ ഹൗസിങ് ബോർഡ് കെട്ടിടത്തിൽ ഇത്തവണ പ്രകമ്പനം അനുഭവപ്പെട്ടില്ല. ഔദ്യോഗികമായി ജില്ലയിൽ ഭൂചലനം രേഖപ്പെടുത്തിയതുമില്ല. അടിത്തട്ടു തീരെ ഉറപ്പില്ലാത്ത കൊച്ചി പോലെയുള്ള തീരമേഖലയിൽ പ്രകമ്പനങ്ങളുടെ ശക്‌തി കൂടുന്നതിനാൽ ചെറിയ ചലനമുണ്ടാകുമെന്നാണു ഭൗമശാസ്ത്രജ്ഞരുടെ നിഗമനം.
കൊച്ചി ദേശീയപാത ബൈപാസിനു പടിഞ്ഞാറു ഭാഗത്തുള്ള പ്രദേശം ഇത്തരത്തിൽ തരംഗശക്‌തി കൂടാൻ സാധ്യതയുള്ള മേഖലയാണെന്നാണു ഭൗമശാസ്‌ത്ര പഠനകേന്ദ്രം കണ്ടെത്തിയിരുന്നു. രാജ്യത്ത് എവിടെ ശക്‌തമായ ഭൂചലനങ്ങളുണ്ടായാലും അതിന്റെ പ്രകമ്പനം കൊച്ചിയിലും അനുഭവപ്പെടാമെന്നും ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും വിദഗ്ധർ പറഞ്ഞു.
No comments:
Post a Comment